ലഘു ചരിത്രം

            നിയമ വകുപ്പിന്റെ ചരിത്രം തിരുവിതാംകൂറിന്റയും തിരുവിതാംകൂര്‍ കൊച്ചിയുടെ ചരിത്രവുമായി ബന്ധപ്പെട്ട് കിടക്കുന്നു.   ഇംഗ്ലീഷ് ഈസ്റ്റ് ഇന്‍ഡ്യ കമ്പനിയുമായുളള ബന്ധം വഴി സ്ഥാപിതമായ പാശ്ചാത്യ നിയമ ശാസ്ത്രം സ്വാധീനം ചെലുത്തുന്നതുവരെ തിരുവിതാംകൂറിന്റെ നിയമഘടന പ്രാദേശികതയുമായി ബന്ധപ്പെട്ടുളളതായിരുന്നു.  മുന്‍പ് ഭരണ നിര്‍വ്വഹണം സാധ്യതമാക്കുന്നതിനുളള ചട്ടങ്ങള്‍ ചട്ടവരിയോലക‍ള്‍ വഴിയാണ് മഹാരാജാവ് വിളംബരം ചെയ്തിരുന്നത്. തിരുവിതാംകൂറിന്റ നിയമ നിര്‍മ്മാണ ചരിത്രത്തി‍ല്‍ ആംഗ്ലോ-ഇന്‍ഡ്യ‍ന്‍ സങ്കലനങ്ങള്‍ ഉള്‍ക്കൊളളിച്ചതിന് പിന്നി‍ല്‍ പ്രവര്‍ത്തിച്ചത് കേണ‍ല്‍ മണ്‍ട്രോ ആയിരുന്നു. പുതിയ കോടതികള്‍ സ്ഥാപിതമാക്കപ്പെട്ടപ്പോ‍ള്‍ നിലവിലുളള നിയമങ്ങളുടെ ഒരു പൊളിച്ചെഴുത്ത് ആവശ്യമായി വരികയും 1835 എ.ഡി.-യില്‍ ദിവാന്‍ പേഷ്കാരായി നിയമിതനായ കുന്ദ‍ന്‍ മേനോ‍ന്‍ പിന്നീട് ആദ്യത്തെ കോഡ് ഓഫ് റെഗുലേഷന്‍സ് ഡ്രാഫ്റ്റ് ചെയ്യുകയും ചെയ്തു.

            1861-ലെ ഇന്‍ഡ്യ‍ന്‍ കൗണ്‍സി‍ല്‍ ആക്റ്റാണ് നിയമനിര്‍മ്മാണത്തി‍ല്‍ പൊതു പ്രാതിനിധ്യത്തിന് വഴി തെളിച്ചത്.   1887 എ.ഡി.(1063എം.ഇ.) ലെജിസ്ലേറ്റീവ് കൗണ്‍സി‍ല്‍ ആക്റ്റ് II വഴിയാണ് ലെജിസ്ലേറ്റീവ് കൗണ്‍സി‍ല്‍  സ്ഥാപിതമാക്കപ്പെട്ടതും പ്രാതിനിധ്യ സ്ഥാപനങ്ങളുടെ  ഒരു കാലഘട്ടത്തിന് ശ്രീമൂലം തിരുനാള്‍ മഹാരാജാവ് തുടക്കമിട്ടതും.  1904-ല്‍ ഭരണപരമായ ഒരു ഉത്തരവ് വഴിയാണ് ശ്രീമൂലം അസംബ്ലി സ്ഥാപിതമാക്കപ്പെട്ടത്.  1933-ലെ ലെജിസ്ലേറ്റീവ് റിഫോംസ് ആക്റ്റ് II വഴി രണ്ട് നിയമ നിര്‍മ്മാണ സഭക‍ള്‍ രൂപീകൃതമാക്കപ്പെട്ടു- ശ്രീചിത്ര സ്റ്റേറ്റ് കൗണ്‍സിലും ശ്രീമൂലം അസംബ്ലിയും.   നിയമ നിര്‍മ്മാണ കാര്യങ്ങ‍ള്‍ കൈകാര്യം ചെയ്യുന്നതിന് ഈ സഭകള്‍ക്ക് വിശാലമായ അധികാരങ്ങള്‍ ഉണ്ടായിരുന്നെങ്കിലും നിയമനിര്‍മ്മാണ സഭയുമായി ആലോചിക്കാതെ തന്നെ നിയമനിര്‍മ്മാണം നടത്തുന്നതിനുളള അധികാരം മഹാരാജാവില്‍ നിക്ഷിപ്തമായിരുന്നു.  പ്രസ്തുത നിയമ നിര്‍മ്മാണങ്ങ‍ള്‍ ആക്റ്റുകളായോവിളംബരങ്ങളായോ ആണ് നിലവില്‍ വന്നത്.1949-ല്‍ സംയോജിത തിരുവിതാംകൂര്‍-കൊച്ചി രൂപീകൃതമായി. കൊച്ചിയിലെയും തിരുവിതാംകൂറിലെയും  ഭരണകര്‍ത്താക്ക‍ള്‍ തമ്മിലുളള ഉടമ്പടി പ്രകാരം സംയോജിത സംസ്ഥാനത്തിന്റെ തലവനായത്  "രാജപ്രമുഖന്‍" എന്ന് നാമകരണം ചെയ്യപ്പെട്ട തിരുവിതാംകൂ‍ര്‍ രാജാവായിരുന്നു.   വിവിധ സംസ്ഥാനങ്ങളുടെ പുനഃസംയോജനത്തെ തുടര്‍ന്ന് 1956 നവംബര്‍ 1-ാം തീയതി കേരള സംസ്ഥാനം നിലവില്‍ വന്നു.  

            ഇത്തരം നിയമ നിര്‍മ്മാണ വികസനങ്ങള്‍ക്കിടയി‍ല്‍ 1865- സെക്രട്ടേറിയേറ്റ് കെട്ടിട സമുച്ചയത്തിന്റെ ശിലാസ്ഥാപനം ശ്രീ.ആയില്യം തിരുനാള്‍ മഹാരാജാവ് നിര്‍വ്വഹിക്കുകയുണ്ടായി .   1869 ആഗസ്റ്റ് 23-ാം തീയതി മുതല്‍ സെക്രട്ടേറിയേറ്റ് പ്രവര്‍ത്തനം ആരംഭിച്ചു.  മുന്‍പ് സെക്രട്ടേറിയേറ്റ് അറിയപ്പെട്ടിരുന്നത് ഹജൂ‍ര്‍ കച്ചേരി, പുത്തന്‍ കച്ചേരി എന്നീ പേരുകളിലായിരുന്നു.    1949 ആഗസ്റ്റ് മാസം 25- തീയതി പുറപ്പെടുവിച്ച എം3-5412/49/സി.എസ്. സര്‍ക്കുല‍ര്‍‍ പ്രകാരമാണ്  'സര്‍ക്കാ‍ര്‍ സെക്രട്ടേറിയേറ്റ് '  എന്ന് സെക്രട്ടേറിയേറ്റ് അറിയപ്പെടാന്‍ തുടങ്ങിയത്. 

            ഭരണനവീകരണത്തിന്റെ ഭാഗമായി 1871-ല്‍ കേണ‍ല്‍ മണ്‍ട്രോയും ലക്ഷമിഭായി രാജ്ഞിയും സെക്രട്ടേറിയേറ്റി‍ല്‍ റവന്യൂ, ധനകാര്യം,പോലീസ് തുടങ്ങിയ ചില പ്രധാന വകുപ്പുകള്‍ രൂപീകരിക്കുകയുണ്ടായി.   കുറേ നാളുകള്‍ക്ക് ശേഷമാണ് നിയമ വകുപ്പ് രൂപീകൃതമായത്.  

നിയമ വകുപ്പിന്റെ രൂപീകരണം

            ആരംഭത്തില്‍ നിയമ വകുപ്പ് സംസ്ഥാന സെക്രട്ടേറിയേറ്റ്  സര്‍വ്വീസിന്റെ ഭാഗമായിരുന്നതും ഇലക്ഷന്‍ വകുപ്പ്, അഡ്വക്കേറ്റ് ജനറലാഫീസ്,ഓഫീഷ്യല്‍ ട്രസ്റ്റി ആഫീസ് , തുടങ്ങിയവ ഇതില്‍ ഉള്‍പ്പെടുന്നതുമായിരുന്നു.  തിരുവിതാംകൂര്‍ - കൊച്ചി സര്‍ക്കാ‍ര്‍ നടത്തി വന്നിരുന്ന നിയമങ്ങളുടെയും ഓര്‍ഡിനന്‍സുകളുടെയും പ്രസീദ്ധീകരണ പുനഃസംയോജനത്തിന്റെ ഭാഗമായുളള പാര്‍ട്ട് എ സംസ്ഥാന ഭരണ നിര്‍വ്വഹണത്തിന്റെ മാതൃകയി‍ല്‍ സെക്രട്ടേറിയറ്റിനെ ഉയര്‍ത്തിക്കൊണ്ട് വരുന്നതിലേക്ക് വേണ്ടി അതിനെ പുനഃക്രമീകരണം ചെയ്യുന്നതിനായി 1956 ജുണില്‍ ശ്രീ.സി.പി.ഗോപാലന്‍ നായരെ സ്പെഷ്യ‍ല്‍ ഓഫീസറായി നിയമിച്ചു.  മദ്രാസ് മോഡലില്‍ സെക്രട്ടേറിയറ്റ് പുനഃക്രമീകരണം ചെയ്യുന്നതിന് ശിപാര്‍ശ ചെയ്തു കൊണ്ട്  ഒരു റിപ്പോര്‍ട്ട് അദ്ദേഹം സമര്‍പ്പിക്കുകയുണ്ടായി.  പ്രസ്തുത ശിപാര്‍ശകള്‍ സര്‍ക്കാ‍ര്‍ അംഗീകരിക്കുകയും 01/01/1957 മുതല്‍ സാധുത നല്‍കി കൊണ്ട് നിയമ വകുപ്പ് ഉള്‍പ്പെടെയുളള 10 വകുപ്പുകള്‍ സെക്രട്ടേറിയേറ്റി‍ല്‍ നിലവില്‍വരികയും ചെയ്തു.