നിയമ (ലൈബ്രറി) വകുപ്പ്

           നിയമ വകുപ്പിലെ എല്ലാ ഉദ്യോഗസ്ഥര്‍ക്കും പൊതുവായ റഫറന്‍സിനായി വേണ്ടിയുളള ലൈബ്രറിയാണ് നിയമ വകുപ്പ് ലൈബ്രറി. നിയമ വകുപ്പ് സെക്രട്ടറിയുടെ നേരിട്ടുളള നിയന്ത്രണത്തിലാണ് നിയമ ലൈബ്രറി. നിയമ ലൈബ്രറിയുമായി ബന്ധപ്പെട്ട എല്ലാ ചുമതലകളുടേയും ഉത്തരവാദിത്തം ലൈബ്രേറിയനില്‍ നിക്ഷിപ്തമാണ്. കേരള നിയമ വകുപ്പ് മാന്വലിന്റെ അദ്ധ്യായം X-ല്‍ നിയമ ലൈബ്രറിയുടെ പ്രവര്‍ത്തനങ്ങള്‍ പ്രതിപാദിക്കുന്നു.

കേരള സെക്രട്ടേറിയറ്റ് നിയമ വകുപ്പ് ഗ്രന്ഥശാല - പൊതുചട്ടങ്ങള്‍

  1.പൊതുവായത്.- കേരള സെക്രട്ടേറിയറ്റ് നിയമ വകുപ്പ് ഗ്രന്ഥശാല, നിയമ വകുപ്പിലെ എല്ലാ ഉദ്യോഗസ്ഥര്‍ക്കും വേണ്ടിയുളള ഒരു പൊതുവായ റഫറന്‍സ്  ഗ്രന്ഥശാലയായിരിക്കുന്നതാണ്.

 1. ഗ്രന്ഥശാല നിയമ വകുപ്പിനോട് ചേര്‍ന്നിരിക്കുന്നതും നിയമ വകുപ്പ് സെക്രട്ടറിയുടെ നേരിട്ടുളള നിയന്ത്രണത്തിലും ആകുന്നു.
 2. ലൈബ്രേറിയന്‍-കര്‍ത്തവ്യങ്ങള്‍.- (i) ഗ്രന്ഥശാലയ്ക്ക് ഒരു ലൈബ്രേറിയന്‍ ഉണ്ടായിരിക്കേണ്ടതും ഗ്രന്ഥശാലയുമായി ബന്ധപ്പെട്ട എല്ലാ ജോലികളുടെയും ശരിയായ പ്രവര്‍ത്തനത്തിന് അയാള്‍ ഉത്തരവാദിയായിരിക്കുന്നതുമാണ്.

                   (ii) ലൈബ്രേറിയന്‍ അച്ചടക്കം പാലിക്കേണ്ടതും ഗ്രന്ഥശാലയുടെ പൊതുവായ മേല്‍നോട്ടവും നിയന്ത്രണവും നിര്‍വ്വഹിക്കേണ്ടതുമാണ്.

                   (iii) ലൈബ്രേറിയന്‍, എല്ലാ രജിസ്റ്ററുകളും ശരിയായി സൂക്ഷിക്കുന്നുണ്ടോ എന്ന് നോക്കേണ്ടതും പുസ്തകങ്ങള്‍ ഉടനടി നല്‍കുന്നുണ്ടോ എന്നും അവ തിരിച്ചു ലഭിക്കുന്നുണ്ടോ എന്നും ശ്രദ്ധാപൂര്‍വ്വം നിരീക്ഷിക്കേണ്ടതുമാണ്.

                   (iv) തിരുത്തല്‍ സ്ലിപ്പുകള്‍ ഉടനടിയും ശരിയായും റഫറന്‍സ് പുസ്തകങ്ങളില്‍, ആ ജോലിക്കായി ചുമതലപ്പെട്ട അസിസ്റ്റന്റ് കൂട്ടിചേര്‍ത്തിട്ടുണ്ടോ എന്ന് ലൈബ്രേറിയന്‍ പ്രത്യേകമായി നോക്കേണ്ടതും ഗ്രന്ഥശാലയുടെ ശരിയായ സുരക്ഷിതത്വം ഉറപ്പുവരുത്തേണ്ടതുമാണ്.

                   (v) ലൈബ്രേറിയന്‍, പുസ്തകങ്ങള്‍, ആനുകാലിക പ്രസിദ്ധീകരണങ്ങള്‍ എന്നിവയുടെ അക്സഷന്‍ രജിസ്റ്ററുകളുടെ (പുതിയതായി വരുന്നവയുടെ ലിസ്റ്റ് എഴുതി ചേര്‍ക്കുന്ന രജിസ്റ്റര്‍) പരിശോധന നടത്തേണ്ടതാണ്.

                   (vi) ലൈബ്രേറിയന്‍ റഫറന്‍സ് സേവനങ്ങള്‍ കൂടി ആവശ്യപ്പെടുമ്പോള്‍ നല്‍കേണ്ടതാണ്.

                   (vii) ഓഫീസില്‍ നിന്നും പോകുന്നതിനുമുമ്പ് ഗ്രന്ഥശാല സുരക്ഷിതമായി പൂട്ടിയിട്ടുണ്ടോ എന്ന് ലൈബ്രേറിയന്‍ നോക്കേണ്ടതും മുറികളുടെയും പുസ്തകഷെല്‍ഫുകളുടെയും താക്കോലുകളുടെ സുരക്ഷിതമായ സൂക്ഷിപ്പിന് അദ്ദേഹം ഉത്തരവാദിയാകുന്നതുമാണ്.

 1. ഗ്രന്ഥശാലയുടെ പ്രവര്‍ത്തനസമയം.- എല്ലാ പ്രവര്‍ത്തി ദിവസങ്ങളിലും രാവിലെ 9 മണി മുതല്‍ വൈകിട്ട് 6 വരെ ഗ്രന്ഥശാല തുറന്നിരിക്കേണ്ടതാണ്.
 2. പുസ്തകങ്ങളുടെ ക്രമീകരണം.- ഗ്രന്ഥശാലയിലെ പുസ്തകങ്ങള്‍ 'കോളന്‍ സ്കീം ഓഫ് ക്ലാസ്സിഫിക്കേഷന്‍ ' പ്രകാരം സൂക്ഷിക്കേണ്ടതാണ്.
 3. കാറ്റലോഗ് കാര്‍ഡ്.- ഗ്രന്ഥശാലയിലെ മുഴുവന്‍ വസ്തുക്കളുടെയും വിഷയം അനുസരിച്ച് തരം തിരിച്ച ഒരു വിഭാഗവും അക്ഷരമാലാക്രമത്തിലുളള ഒരു വിഭാഗവും അടങ്ങിയിരിക്കുന്നവിധം കാര്‍ഡ് രൂപത്തിലുളള കാറ്റലോഗ് തയ്യാറാക്കേണ്ടതാണ്.
 4. പുതിയ പുസ്തകങ്ങളുടെ ആര്‍ജ്ജനം.- (i) ഗ്രന്ഥശാലയിലേക്ക് ഉപയോഗപ്രദമായ പുതിയ പുസ്തകങ്ങള്‍ വാങ്ങുന്നതിന് പുസ്തകങ്ങളുടെ തെരഞ്ഞെടുപ്പിനായി പ്രസാധകരുടെയും പുസ്തകവില്‍പനക്കാരുടെയും കാറ്റലോഗുകളും സര്‍ക്കുലറുകളും ചംക്രമണം ചെയ്യാവുന്നതാണ്.

                   (ii) പുസ്തകങ്ങളുടെ അന്തിമ തെരഞ്ഞെടുപ്പ് വേണ്ടപ്പോഴെല്ലാം നിയമ വകുപ്പു സെക്രട്ടറി നടത്തുന്നതാണ്. അംഗീകാരമുളളതും പ്രവര്‍ത്തിച്ചുവരുന്നതുമായ പുസ്തകവില്‍പനക്കാര്‍ക്കോ നിയമപുസ്തകങ്ങളുടെ പ്രസാധകര്‍ക്കോ പുസ്കങ്ങള്‍ എത്തിച്ചുതരുന്നതിനുളള ഓര്‍ഡറുകള്‍ ഗ്രന്ഥശാല നല്‍കുന്നതാണ്. ഓരോ പുസ്തക വില്‍പനക്കാരം പ്രസാധകരും പുസ്കങ്ങള്‍ എത്തിച്ച് തരുന്നതിലുളള പുരോഗതി. ലൈബ്രേറിയന്‍ നിരീക്ഷിക്കേണ്ടതും ഓര്‍ഡറുകളുടെ പൂര്‍ത്തിയാക്കാത്ത ഭാഗം, മറ്റു തെരഞ്ഞെടുക്കപ്പെട്ടിട്ടുളള വില്‍പ്പനക്കാരില്‍നിന്നോ പ്രസാധകരില്‍നിന്നോ, പൂര്‍ത്തിയാക്കുന്നതിനായി ഏര്‍പ്പാടുചെയ്യുന്നതുമാണ്.

          (iii) ഗ്രന്ഥശാലയ്ക്ക് വേണ്ടി ആവശ്യമായ ആനുകാലിക പ്രസിദ്ധീകരണങ്ങള്‍, മാസികകള്‍ തുടങ്ങിയവ വാങ്ങുന്നതിന് കൂടി ലൈബ്രേറിയന്‍ ഓര്‍ഡറുകള്‍ നല്‍കുന്നതും അവയുടെ കൃത്യമായും ക്രമമായുളള ലഭ്യത നിരീക്ഷിക്കുന്നതുമാണ്.

          (iv) ഗ്രന്ഥശാലയ്ക്ക് വേണ്ടി വാങ്ങിയ പുസ്കങ്ങളുടെയും ആനുകാലിക പ്രസിദ്ധീകരണങ്ങളുടേയും ഓരോ ഇന്‍വോയിസും അല്ലെങ്കില്‍ ബില്ലും ലൈബ്രേറിയന്‍ സൂക്ഷ്മപരിശോധന നടത്തേണ്ടതും ഒത്തു നോക്കി ബോധ്യപ്പെടേണ്ടതുമാണ്. താഴെപ്പറയുന്ന രൂപത്തിലുളള ഒരു സര്‍ട്ടിഫിക്കറ്റും കൂട്ടി ചേര്‍ക്കേണ്ടതാണ്.

പുസ്കങ്ങകങ്ങള്‍ക്കുവേണ്ടിയുളള സര്‍ട്ടിഫിക്കറ്റ്

          ഈ ഇന്‍വോയിസ് പ്രകാരമുളള പുസ്തകങ്ങള്‍ നല്ല അവസ്ഥയില്‍ കൈപ്പറ്റി എന്നും പുതുതായി വരുന്ന പുസ്തകങ്ങളുടെ ലിസ്റ്റ് എഴുതിച്ചേര്‍ക്കുന്ന രജിസ്റ്ററിന്റെ വാല്യം..............നമ്പരിന്റെ ............ പേജില്‍ രേഖപ്പെടുത്തിയിട്ടുണ്ട് എന്നും സാക്ഷ്യപ്പെടുത്തുന്നു.

 1. ജീവനക്കാരായ അംഗങ്ങള്‍ക്ക് ഗ്രന്ഥശാലയുടെ ഉപയോഗം.- (i) നിയമ വകുപ്പിലെ ടൈപ്പിസ്റ്റുമാര്‍, സ്റ്റെനോഗ്രാഫര്‍മാര്‍, അറ്റന്‍ഡര്‍മാര്‍, ലാസ്റ്റ്ഗ്രേഡ് ജീവനക്കാര്‍ എന്നിവര്‍ ഒഴികെയുളള എല്ലാ ഉദ്യോഗസ്ഥരും ഗ്രന്ഥശാലയിലെ അംഗങ്ങളായിരിക്കുന്നതും അവര്‍ക്ക് റഫറന്‍സിനായി ഗ്രന്ഥശാല ഉപയോഗിക്കുന്നതിന് സ്വാതന്ത്ര്യമുണ്ടായിരിക്കുന്നതുമാണ്. പുസ്കങ്ങള്‍ നല്‍കുന്ന ആവശ്യത്തിലേയ്ക്കായി നല്‍കിയിട്ടുളള തിരിച്ചറിയല്‍ കാര്‍ഡ് ഹാജരാക്കുകയോ നിര്‍ണ്ണയിച്ചിട്ടുളള അര്‍ത്ഥനാ ഫാറത്തില്‍ രേഖാമൂലം അപേക്ഷിക്കുകയോ ചെയ്താല്‍ ഉദ്യോഗസ്ഥര്‍ക്ക് പുസ്തകങ്ങള്‍ നല്‍കുന്നതാണ്.

                   (ii) ഉപയോഗത്തിനുശേഷം ഉടന്‍തന്നെ അംഗങ്ങള്‍ എടുത്തിട്ടുളള പുസ്കകങ്ങള്‍ തിരികെ നല്‍കേണ്ടതാണ്. ഗ്രന്ഥശാലയുടെ വകയായ പുസ്തകങ്ങള്‍ക്കോ മറ്റുവസ്തുക്കള്‍ക്കോ സംഭവിക്കുന്ന ഏതെങ്കിലും കേടുപാടുകള്‍ക്ക് അംഗങ്ങള്‍ ഉത്തരവാദിയായിരിക്കുന്നതും കേടുപാടുകള്‍ സംഭവിച്ച പുസ്കകങ്ങള്‍ അല്ലെങ്കില്‍ വസ്തുക്കള്‍ എന്നിവയ്ക്ക് പകരം നല്‍കുവാനോ അവയുടെ വില നല്‍കുവാനോ ആവശ്യപ്പെടാവുന്നതുമാണ്.

                   (iii) പുസ്തകം എടുത്തയാള്‍, ഗ്രന്ഥശാല വിടുന്നതിനുമുമ്പ് കെപ്പറ്റിയ പുസ്കകം നല്ല അവസ്ഥയിലാണെന്ന് ഉറപ്പുവരുത്തേണ്ടതും, പുസ്തകത്തിന് എന്തെങ്കിലും കേടുപാടുകള്‍ ഉണ്ടെങ്കില്‍ ആ വസ്തുത ലൈബ്രേറിയന്റെയോ അസിസ്റ്റന്റിന്റെയോ ശ്രദ്ധയില്‍ കൊണ്ടുവരേണ്ടതുമാണ്. അല്ലാത്തപക്ഷം പുസ്തകം തിരികെ നല്‍കുമ്പോള്‍ അതിന് കേടുപറ്റിയിട്ടുണ്ടെന്ന് കണ്ടെത്തിയാല്‍ അയാളെ അതിന് ഉത്തരവാദിയാക്കപ്പെടുന്നതും ആ പുസ്തകത്തിന് പകരം ഒരു പുതിയ പകര്‍പ്പ് നല്‍കുവാന്‍ ആവശ്യപ്പെടുന്നതുമാണ്.

                   (iv) ദുര്‍ലഭമായതോ വിലപിടിപ്പുളളതോ ആയ പുസ്കകം നഷ്ടപ്പെടുന്ന സംഗതിയില്‍, ആ പുസ്തകത്തിന് നിയമവകുപ്പ് സെക്രട്ടറി നിശ്ചയിക്കുന്ന നഷ്ടപരിഹാരം നല്‍കേണ്ടതാണ്.

                   (v) ഗ്രന്ഥശാലയിലെ പുസ്തകങ്ങള്‍ മറ്റൊരാള്‍ക്ക് കൊടുക്കുന്നതിന് അംഗങ്ങളെ അനുവദിക്കുന്നതല്ല.

                   (vi) ചില റഫറന്‍സ് പുസ്തകങ്ങള്‍ പ്രത്യേകമായി ആവശ്യപ്പെടുന്നപക്ഷം, ഒരു രാത്രി മുഴുവനുമുളള വായനയ്ക്കായി നല്‍കാവുന്നതാണ്.

 1. പുതുതായി വരുന്ന പുസ്തകങ്ങളുടെ ലിസ്റ്റിന്റെ ചംക്രമണം.- പുതുതായി വന്നതോ ഗ്രന്ഥശാലയില്‍ കൂട്ടിചേര്‍ത്തതോ ആയ പുസ്തകങ്ങളുടെ ഒരു ലിസ്റ്റ് ലൈബ്രേറിയന്‍ തയ്യാറാക്കുന്നതും ആ ലിസ്റ്റ് നിയമവകുപ്പിലെ എല്ലാ ഓഫീസര്‍മാരുടെയും ഇടയില്‍ ചംക്രമണം ചെയ്യുന്നതുമാണ്.
 2. ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റും അംഗത്വം അവസാനിപ്പിക്കലും.- അംഗങ്ങള്‍ ഏത് സ്ഥാനങ്ങള്‍ വഹിക്കുന്നതിന്റെ അടിസ്ഥാനത്തിലാണോ അംഗത്വത്തിന് അര്‍ഹരായത് ആ സ്ഥാനം, പെന്‍ഷന്‍, സ്ഥലം മാറ്റം, സസ്പെന്‍ഷന്‍ അല്ലെങ്കില്‍ മറ്റേതെങ്കിലും കാരണങ്ങള്‍ മുഖേന ഇല്ലാതാകുമ്പോള്‍ അവരുടെ അംഗത്വം നഷ്ടമാകുന്നതും അവര്‍ അവരുടെ കൈവശമുളള എല്ലാ പുസ്തകങ്ങളും തിരിച്ചേല്‍പ്പിക്കേണ്ടതുമാണ്. അവരുടെ അവസാനത്തെ ശമ്പളം നല്‍കുന്നതിന് മുമ്പ് ലൈബ്രേറിയനില്‍നിന്നും ഒരു ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കുവാന്‍ ആവശ്യപ്പേടേണ്ടതാണ്.
 3. പുസ്തകങ്ങളുടെ സ്റ്റോക്കെടുപ്പ്.- ഓരോ വര്‍ഷവും ഗ്രന്ഥശാലയിലെ പുസ്തകങ്ങളുടെ സ്റ്റോക്ക് ഒത്തുനോക്കി ബോധ്യപ്പെടുത്തല്‍ നടത്തേണ്ടതാണ്.
 4. ഗ്രന്ഥശാല ഉപയോഗിക്കുന്നതിനുളള പരിമിതികള്‍.-

                   (i) അതീവ ശ്രദ്ധയോടുകൂടി പുസ്തകങ്ങള്‍ കൈകാര്യം ചെയ്യേണ്ടതാണ്.

                   (ii) ഗ്രന്ഥശാലയില്‍ കര്‍ശനമായും നിശബ്ദത പാലിക്കേണ്ടതാണ്.

                   (iii) സ്വകാര്യ പുസ്തകങ്ങള്‍, കുടകള്‍, ഹാന്‍ഡ്ബാഗുകള്‍ തുടങ്ങിയ വ്യക്തിഗത വസ്തുക്കള്‍ ഗ്രന്ഥശാലയില്‍ കൊണ്ടുവരുവാന്‍ പാടില്ല.

                   (iv) ഗ്രന്ഥശാലയ്ക്കുളളില്‍ പുകവലി കര്‍ശനമായും നിരോധിച്ചിരിക്കുന്നു.

                   (v) ഗസറ്റുകള്‍, മാസികകള്‍, ആനുകാലിക പ്രസിദ്ധീകരണങ്ങള്‍, പുസ്കകങ്ങള്‍ മുതലായവയില്‍ നിന്നും താളുകള്‍ ഒന്നും നീക്കം ചെയ്യുവാന്‍ പാടില്ല.

                   (vi) അപരിചിതരേയോ അനധികൃത ആളുകളെയോ ഗ്രന്ഥശാലയ്ക്കുളളില്‍ കടത്തിവിടുവാന്‍ പാടില്ല.

 1. ഈ ചട്ടങ്ങളുടെ ഏതൊരു അതിലംഘനവും ഒരംഗത്തിന് തന്റെ ഗ്രന്ഥശാലയിലുളള അംഗത്വം ഇല്ലാതാക്കുന്നതിനോ ഗ്രന്ഥശാലയിലെ പ്രവേശനം നിഷേധിക്കപ്പെടുന്നതിനോ ഇടയാക്കുന്നതാണ്.
 2. ഈ ചട്ടങ്ങളില്‍ പ്രത്യേകം വ്യവസ്ഥ ചെയ്തിട്ടില്ലാത്ത ഏതെങ്കിലും കാര്യം സംബന്ധിച്ച് നിയമവകുപ്പ്സെക്രട്ടറിയുടെ തീരുമാനം അന്തിമമായിരിക്കുന്നതാണ്.

          നിയമ വിദ്യാര്‍ത്ഥികളുടെ ഇന്റേണ്‍ഷിപ്പ് പ്രോഗ്രാം:- നിയമ വിദ്യാര്‍ത്ഥികള്‍ക്കായി നിയമ വകുപ്പില്‍ നല്‍കി വരുന്ന ഇന്റേണ്‍ഷിപ്പ് പ്രോഗ്രാമിന്റെ ചുമതല നിയമ ലൈബ്രറി വഹിക്കുന്നതും ഇത്തരം പ്രോഗ്രാമിലൂടെ നിയമ വിദ്യാര്‍ത്ഥികള്‍ക്ക് സര്‍ക്കാര്‍ ഓഫീസിലെ പൊതുവായ പ്രവര്‍ത്തനരീതികള്‍, വിശേഷിച്ച് നിയമവകുപ്പിന്റെ പ്രവര്‍ത്തന രീതികള്‍ മനസ്സിലാക്കാനും അതിലൂടെ സര്‍ക്കാര്‍ സംവിധാനങ്ങളുടെ പ്രവര്‍ത്തനങ്ങളെ സംബന്ധിച്ച് അറിവ് പകരാനും സഹായിക്കുന്നു.

 

 നിയമ വകുപ്പിലെ ഇന്റേ​ണ്‍ഷിപ്പിനുള്ള മാര്‍ഗ്ഗ നിര്‍ദ്ദശങ്ങള്‍.

 

 1. യോഗ്യത

 

          അംഗീകരിക്കപ്പെട്ട സ്ഥപനങ്ങളിലെ നിയമ വിദ്യാര്‍ത്ഥികള്‍ക്ക് നിയമ വകുപ്പില്‍ ഇന്റേ​ണ്‍ഷിപ്പിന് അപേക്ഷിക്കാവുന്നതാണ്. ഒരു ബാച്ചില്‍ അനുവദനിയമായ വിദ്യാര്‍ത്ഥികളുടെ പരമാവധി എ​ണ്ണം 20 ആകുന്നതാണ്.

 

2.സമയ പരിധി

 

          2 മുതല്‍ 3 ആഴ്ച്ച വരെയോ 21 ദിവസം വരെയോ ഇന്റേ​ണ്‍ഷിപ്പിനു സമയ പരിതി ഉണ്ടായിരിക്കുന്നതാണ്.

3.വ്യവസഥകളും വിദ്യാര്‍ത്ഥികളുടെ ഉത്തരവാദിത്തങ്ങളും.

 

(I). നിയമസഭ സമ്മേളനങ്ങളും വകുപ്പിലെ മറ്റ് പരിപാടികളും ആശ്രയിച്ചായിരിക്കും ഇന്റേ​ണ്‍ഷിപ്പിന്റെ സമയ ക്രമം തീരുമാനിക്കപ്പെടുന്നത്.

(II). ഇന്റേ​ണ്‍ഷിപ്പുമായി ബന്ധപ്പെട്ട് എല്ലാ ചിലവുകളും വിദ്യാര്‍ത്ഥികള്‍ വഹിക്കേണ്ടതാണ്.

(III). ഇന്റേ​ണ്‍ഷിപ്പിനുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും റഫറന്‍സ് സൗകര്യങ്ങളും വകുപ്പ് നല്കുന്നതാണ്.

(IV) ഏതൊരു വിദ്യാര്‍ത്ഥിയും അനുവദിക്കപ്പെട്ട ഇന്റേ​ണ്‍ഷിപ്പ് കാലാവധിക്കിടയില്‍ കാരണം കാണിക്കാതെ തന്നെ ഏത് സമയത്തും  റദ്ദ് ചെയ്യാനുളള  അധികാരം വകുപ്പിനുള്ളതാണ്.

(V). വിജയകരമായി ഇന്റേ​ണ്‍ഷിപ്പ് പൂര്‍ത്തിയാക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക്, വകുപ്പ് സര്‍ട്ടിഫിക്കറ്റ് നല്കുന്നതാണ്.

(VI). വിദ്യാര്‍ത്ഥികള്‍ അവരവരുടെ യൂണിഫോമും തിരിച്ചറിയല്‍ കാര്‍ഡും ഇന്റേ​ണ്‍ഷിപ്പ് കാലയളവില്‍ നിര്‍ബന്ധമായി ധരിക്കേണ്ടതാണ്.

(VII). വിദ്യാര്‍ത്ഥികള്‍ ഹാജര്‍ പുസ്ത്കത്തില്‍ ഒപ്പ് ഇടേണ്ടതും ഓഫീസ് പ്രവര്‍ത്തി സമയം മുഴുവന്‍ തങ്ങളുടെ സാന്നിദ്ധ്യം ഉറപ്പ് വരുത്തേണ്ടതുമാണ്.

(VIII). ഇന്റേ​ണ്‍ഷിപ്പ് സംബന്ധമായ തങ്ങളുടെ റിപ്പോര്‍ട്ടുകള്‍ നിശ്ചിത സമയത്തിനകം തന്നെ സമര്‍പ്പിക്കേണ്ടതാണ്.  നിശ്ചിത സമയത്തിനുളളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് മാത്രമേ സര്‍ട്ടിഫിക്കറ്റ് നല്‍കുകയുളളൂ.

(IX). ഇന്റേ​ണ്‍ഷിപ്പ് സംബന്ധമായ ഓഫീസ്  രജിസ്റ്ററില്‍ അവരവരുടെ പാസ് പോര്‍ട്ട് സൈസ് ഫോട്ടോ പതിപ്പിക്കേണ്ടതും അവശ്യ വിവരങ്ങള്‍ രേഖപ്പെടുത്തേണ്ടതുമാണ്.

(X). ഓഫീസിലും സെക്രട്ടേറിയറ്റ് ക്യാമ്പസിനുള്ളിലും വിദ്യാര്‍ത്ഥികള്‍ ഔദ്യോഗികമായ ഔചിത്യം പുലര്‍ത്തേണ്ടതും  പൂര്‍ണ്ണ അച്ചടക്കം പാലിക്കേണ്ടതുമാണ്.

(XI). വിദ്യാര്‍ത്ഥികള്‍ അതാത് ദിവസങ്ങളിലെ പ്രവൃത്തികള്‍ ഡയറിയില്‍ രേഖപ്പെടുത്തി ദിനാന്ത്യത്തില്‍ ലൈബ്രേറിയന് സമര്‍പ്പിച്ച് ഒപ്പിട്ട് വാങ്ങേണ്ടതാണ്.

(XII). ഇന്റേ​ണ്‍ഷിപ്പ് വിജയകരമായി പൂര്‍ത്തിയാക്കിയതിനു ശേഷം നല്‍കപ്പെടുന്ന സര്‍ട്ടിഫിക്കേറ്റുകള്‍ 3 മാസത്തിനുള്ളില്‍ തന്നെ കരസ്ഥമാക്കേണ്ടതും പ്രസ്തുത കാലാവധിക്കു ശേഷം  ആയത് നല്‍കപ്പെടാത്തതുമാണ്.

(XIII). വകുപ്പിലെ വിവിധ സെക്ഷനുകളിലെ സന്ദര്‍ശന വേളകളില്‍ വിദ്യാര്‍ത്ഥികള്‍ ഉദ്യോഗസ്ഥരോട് വിനയപൂര്‍വ്വം പെരുമാറേണ്ടതിന് എന്തങ്കിലും തരത്തിലുള്ള പെരുമാറ്റദൂഷ്യം അവരുടെ ഇന്റേ​ണ്‍ഷിപ്പ് നിരസിക്കപ്പെടാന്‍ ഇടവരുത്തുന്നതാണ്.

(IVX). മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ ലംഘിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കെതിരെ കര്‍ശന നടപടികള്‍ കൈക്കൊള്ളുന്നതും അവരുടെ  ഇന്റേ​ണ്‍ഷിപ്പ് നിര്‍ത്തലാക്കുന്നതും പ്രസ്തുത വിവരം അവരുടെ കോളെജ്/സ്ഥാപനം-ത്തെ അറിയിക്കുന്നതുമാണ്.

 

 1. ഇന്റേ​ണ്‍ഷിപ്പിനുള്ള അപേക്ഷ

        നിശ്ചിത പ്രഫോര്‍മയിലുള്ള അപേക്ഷ വിദ്യാര്‍ത്ഥികളുടെ കോളെജ്/ യൂണിവേഴ്സിറ്റി/സ്ഥാപന-ത്തി‍ല്‍ നിന്നുള്ള ലെറ്ററിനൊപ്പം നിയമ സെക്രട്ടറിക്ക് സമര്‍പ്പിക്കേണ്ടതാണ്.